ബംഗളൂരു: കർണാടകത്തിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു.
ഗ്രേറ്റർ ബംഗളൂരു ഡെവലപ്മെന്റ് വകുപ്പ് ലഭിച്ച മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ചുമതല ഏറ്റെടുക്കാൻ വൈകുകയാണ്. നഗരവികസനവുമായി ബന്ധപ്പെട്ട സുപ്രധാന ചുമതലകൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നുപറഞ്ഞ മന്ത്രി മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
ബംഗളൂരു ഡെവലപ്മെന്റ് അഥോറിറ്റിയുടെയും ബംഗളൂരു മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്റ് അഥോറിറ്റിയുടെയും നേരിട്ടുള്ള നിയന്ത്രണാധികാരം മുഖ്യമന്ത്രി കൈവശപ്പെടുത്തിയതിലുള്ള അമർഷമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ഗൗഡ വിസമ്മതിക്കുന്നതിനു കാരണമെന്നു അഭ്യൂഹങ്ങളുണ്ട്.